പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അനുയായിയുടെ വീട്ടില്‍ നിന്ന് 20 കോടി കണ്ടെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നാണ് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തത്. കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രിയാണ് പാര്‍ഥ ചാറ്റര്‍ജി. കഴിഞ്ഞ മമത മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം അര്‍പ്പിതയുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്കൂള്‍ സര്‍വീസ് കമ്മിഷനിലെയും, പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയില്‍നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ.ഡിയുടെ സംശയം. 2000, 500 രൂപാ നോട്ടുകളായാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് പണം എണ്ണി പൂര്‍ത്തിയാക്കിയത്.
പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് അര്‍പ്പിത മുഖര്‍ജിയെന്നാണ് ഇ.ഡി വിശേഷിപ്പിക്കുന്നത്. ബംഗാളി, ഒഡിയ തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് അര്‍പ്പിത. 2019ലും 2020ലും പാര്‍ഥ ചാറ്റര്‍ജിയുടെ ദുര്‍ഗ്ഗാ പൂജാ കമ്മിറ്റിയുടെ നക്തല ഉദയന്‍ സംഘത്തിന്റെ പ്രമോഷണല്‍ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ദുര്‍ഗാപൂജാ കമ്മിറ്റികളിലൊന്നാണ് പാര്‍ഥ ചാറ്റര്‍ജിയുടെ കമ്മിറ്റി.