തനിക്ക് നേരെയുണ്ടായ ദുരനുഭവം പറഞ്ഞ് മുന്‍ ഒസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്ഗിലിന്. പതിനഞ്ച് മാസം മുന്‍പുണ്ടായ സംഭവത്തെക്കുറിച്ച് സ്റ്റുവര്‍ട്ട് കഴിഞ്ഞ ദിവസമാണ് മനസ് തുറന്നത്. ശത്രുക്കള്‍ക്ക് പോലും സംഭവിക്കാന്‍ ആഗ്രഹിക്കുന്ന കാര്യമല്ല അന്ന് നടന്നതെന്ന് സ്റ്റുവര്‍ട്ട് പറയുന്നു. ആ സംഭവങ്ങള്‍ പറയുന്നുമ്പോള്‍ സ്റ്റുവര്‍ട്ടിന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചിരുന്നു
2021 ഏപ്രില്‍ പതിനാലിനാണ് സംഭവം നടന്നത്. സിഡ്നിക്ക് സമീപമുള്ള ക്രെമോണില്‍ വച്ച് മൂന്ന് പേര് ചേര്‍ന്ന് സ്റ്റുവര്‍ട്ടിനെ ബലമായി കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. അവരില്‍ ഒരാള്‍ സ്റ്റുവര്‍ട്ടിന്റെ മുന്‍ ഭാര്യ മരിയ ഒ മീഗറിന്റെ സഹോദരനായിരുന്നു. കാറില്‍ കയറാന്‍ താത്പര്യമില്ലെന്ന് സ്റ്റുവര്‍ട്ട് പറഞ്ഞെങ്കിലും അവര്‍ ആയുധധാരികളായതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രതിരോധിക്കാനായില്ല. അവര്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് സ്റ്റുവര്‍ട്ടിന് യാതൊരു ഊഹവുമുണ്ടായിരുന്നില്ല. കാറില്‍ വച്ച് അവര്‍ അദ്ദേഹത്തെ നഗ്നനാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയ ശേഷം സ്റ്റുവര്‍ട്ടിനെ ഒരിടത്ത് ഉപേക്ഷിച്ചു. അതിന് ശേഷം വീണ്ടും കാറില്‍ കയറ്റി ബെല്‍മോര്‍ എന്ന പ്രദേശത്ത് ഇറക്കിവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റുവര്‍ട്ടിന്റെ മുന്‍ ഭാര്യാ സഹോദരന് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയാന്‍ സ്റ്റുവര്‍ട്ട് തയ്യാറായില്ല. 1998 മുതല്‍ 2008 വരെ ഓസ്ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റുകളാണ് സ്റ്റുവര്‍ട്ട് കളിച്ചിരിക്കുന്നത്. 208 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.