ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊല കേസില്‍ ജാമ്യാപേക്ഷയുമായി പ്രതി ആശിഷ് മിശ്ര സുപ്രിംകോടതിയെ സമീപിച്ചു. നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആശിഷ് മിശ്ര സുപ്രിംകോടതിയിലെത്തിയത്.
കേസില്‍ ഫെബ്രുവരിയിലാണ് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ സുപ്രിംകോടതിയെ സമീപിച്ചതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി. കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയില്‍ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ജൂലൈയില്‍ അലഹബാദ് ഹൈക്കോടതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 2021 ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ ഇടിച്ച് കയറ്റുകയായിരുന്നു. വാഹനമിടിച്ച് നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്.