വിദ്യാഭ്യാസ ചെലവിനായി അമ്മയോടൊപ്പം പൊറോട്ടയടിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച അനശ്വര ഇനി അഭിഭാഷക. ഞായറാഴ്ച ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ അനശ്വര എന്ട്രോള് ചെയ്തു. അനശ്വര എന്ട്രോള് ചെയ്യുന്നതു കാണാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.
കോട്ടയം കാശാംകുറ്റി സ്വദേശിനിയയാണ് അനശ്വര ഹരി. 20 വര്‍ഷമായി ഇവര്‍ നടത്തുന്ന ഹോട്ടലില്‍ അഞ്ചാം ക്ലാസ് മുതല്‍ പൊറോട്ടയടിക്കുന്നുണ്ട് അനശ്വര. വിദ്യാഭ്യാസ ചെലവിനായി പൊറോട്ടയടിക്കുന്ന അനശ്വരയുടെ ജീവിതം വാര്‍ത്തയായിരുന്നു. ഇത് വൈറലായതോടെ നിരവധി പേര് അനശ്വരക്ക് പിന്തുണയുമായി എത്തിയിരുന്നു.
അഭിഭാഷകയായെങ്കിലും ഹോട്ടലില്‍ പൊറോട്ടയടിക്കുന്നത് തുടരുമെന്നും അനശ്വര പറഞ്ഞു. എറണാകുളത്ത് അഡ്വ. മനോജ് വി ജോര്‍ജിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുവാന്‍ അനശ്വരയ്ക്ക് അവസരം ലഭിച്ചിരുന്നു. ക്രിമിനല്‍ വക്കീലാകാനാണ് അനശ്വരയ്ക്ക് താല്പര്യം. മജിസ്ട്രേറ്റിന്റെ പരീക്ഷയെഴുതുമെന്നും ഉന്നത പഠനം തുടരുമെന്നും അനശ്വര പറഞ്ഞു. തൊടുപുഴ അല്‍ അസര്‍ കോളജില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.