തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് നേരത്തേ രാജിവച്ചതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. രാജിവച്ച ആളെ എങ്ങനെ പുറത്താക്കുമെന്നറിയില്ല. സംഘടനയ്ക്ക് ഗുണം ചെയ്യുമെങ്കില്‍ നിയമാവലിയില്‍ മാറ്റം വരുത്തട്ടെയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഫിയോക്കില്‍ നിന്ന് നടന് ദിലീപിനെയും ആന്റണി പെരുമ്പൂവൂരിനെയും പുറത്താക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. സംഘടനയുടെ ജനറല്‍ ബോഡി യോഗം ഈ മാസം 31 ന് ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍നടപടി ഉണ്ടായേക്കും.
ദിലീപും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് നിര്‍മിച്ച സംഘടനയാണ് ഫിയോക്. സംഘടനയുടെ ആജീവനാന്ത ഭാരവാഹികളാണ് ഇരുവരും. കൊവിഡിന് ശേഷം സിനിമകള്‍ ഒ.ടി.ടി റിലീസിലേക്ക് കൂടുതലായി എത്തിയ പശ്ചാത്തലത്തില്‍ ഫിയോക് ഭാരവാഹികളായിട്ട് കൂടി ഇരുവരും ഒ.ടി.ടി റിലീസിനെ പിന്തുണക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് പുറത്താക്കാന്‍ നീക്കം നടത്തുന്നത്.