മലയാളത്തിൽ ഏറെ പ്രമോഷൻ നേടി റിലീസായ ചിത്രമായിരുന്നു ഒരുഅഡാർലവ്. ഉമർ ലുലു ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പ്രിയ വാര്യർ, റോഷൻ മാത്യൂസ്, നൂറിൻ ഷെരീഫ് തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു ചിത്രത്തിൽ. ഒരു ഫെബ്രുവരി 14ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായി മാറുകയായിരുന്നു.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റ് ആയിരുന്നു. ഈ ചിത്രത്തിലെ ഒരു ഗാനവും, അതിലെ നായിക പ്രിയ വാര്യരും ഒറ്റ ദിവസം കൊണ്ട് തന്നെ ലോക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ഗാനം ഹിറ്റാകുന്നത്. ഗാനം ഹിറ്റായതിന് പിറകെ പ്രിയ വാര്യരുടെ കഥാപാത്രത്തിന് കൂടുതൽ സ്ക്രീൻ ടൈം നൽകി ഇവർ തിരക്കഥ മാറ്റിയെഴുതി. ഇതാണ് ചിത്രം പരാജയപ്പെടാനുള്ള കാരണമായി പിന്നീട് വിലയിരുത്തിയത്.
ചിത്രം മറ്റു ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. ലവേഴ്സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കിൽ മൊഴിമാറ്റി എത്തിയത്. എന്നാൽ തെലുങ്കിലും വിധി മറിച്ച് ഒന്നായിരുന്നില്ല. തിയേറ്ററുകളിൽ തെലുങ്ക് പതിപ്പും പരാജയപ്പെട്ടു. എന്നാൽ ഇപ്പോൾ ഇതേ തെലുങ്ക് ചിത്രം തന്നെ യൂട്യൂബിൽ വലിയ തരംഗമായി മാറുകയാണ്.
തെലുഗ് ഫിലിം നഗർ എന്ന യൂട്യൂബ് ചാനൽ ആണ് ഈ ചിത്രം ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. അഞ്ചു കോടിയിലേറെ ആളുകൾ ആണ് ഈ ചിത്രം ഇതിനോടകം യൂട്യൂബിൽ നിന്നും മാത്രം കണ്ടു കഴിഞ്ഞത്. ധാരാളം മികച്ച കമൻറുകൾ ചിത്രത്തിന് താഴെ വരുന്നുണ്ട്. ഇതിനോടകം ലക്ഷങ്ങൾ ലൈക്ക് നേടി കഴിഞ്ഞു. എന്നാൽ മലയാളികൾ ഇവിടെയും വന്നു കുത്തിതിരിപ്പ് ഉണ്ടാക്കുന്നുണ്ട്. മലയാളികൾ തന്നെയാണ് ഡിസ്ലൈക്ക് ക്യാമ്പയിനും നടത്തുന്നത്.