സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ബോളിവുഡ് നടൻ സോനു സൂദിനെ ബൂത്തുകൾ സന്ദർശിക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. താരം വോട്ടർമാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് നടപടി. സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്.
അതേസമയം, പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. എല്ലാ മേഖലകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ബൂത്തുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. പ്രചാരണ രംഗത്തെ ആവേശം തന്നെയാണ് ബൂത്തുകളിലും പ്രതിഫലിക്കുന്നത്.
രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് പഞ്ചാബിൽ പോളിംഗ് സമയം. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ശിരോമണി അകാലിദളും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്.