അത് വിവാഹ ചിത്രങ്ങളല്ല, ഫോട്ടോഷൂട്ട്; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ആദിലയും നൂറിനും, ആശംസ നേര്‍ന്ന ഞങ്ങളിപ്പോള്‍ ആരായി എന്ന് മലയാളികള്‍

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് സ്വവര്‍ഗാനുരാഗികളായ ആദിലയും നൂറിനും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് എന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.

വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം മോതിരം കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ ഇരുവരും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ‘നേട്ടം: എന്നെന്നും ഒരുമിച്ച്’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ഇതോടെ ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്നായിരുന്നു ആരാധകര്‍ ധരിച്ചത്. ഇതോടെ നിരവധി പേര്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

വിവാഹ ആശംസകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പറഞ്ഞ് ആദിലയും നൂറിനും എത്തിയത്.അതേസമയം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രണയമായിരുന്നു നൂറയുടെയും നസ്റിന്റെയും. സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്റിനും നൂറയും പ്രണയത്തിലാകുന്നത്.

എന്നാല്‍ ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പ് ഉയര്‍ന്നു. ഇതോടെ ഇരുവരെയും ഇവരുടെ ബന്ധുക്കള്‍ അകറ്റി. എന്നാല്‍ ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് എത്തി.

ബിരുദത്തിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ബന്ധുക്കള്‍ എതിര്‍പ്പുമായി എത്തി. പിന്നാലെ നൂറയെ ഇവരുടെ ബന്ധുക്കള്‍ വീട്ടുതടങ്കലിലാക്കി.

തുടര്‍ന്ന് കൂട്ടുകാരിയായ ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജി നല്‍കി. ഫാത്തിമ നൂറയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ടായിരുന്നു ആദില നസ്റിന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഹൈക്കോടതി ഹര്‍ജി പരിഗണിക്കുകയും ഫാത്തിമ നൂറയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫാത്തിമ നൂറയുടെ ഇഷ്ടപ്രകാരം ഇരുവരേയും ഒന്നിച്ചു ജീവിക്കാന്‍ കോടതി അനുവദിച്ചിരുന്നു.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.