രാജ്യദ്രോഹനിയമം താത്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിലവിലുള്ള കേസുകള്‍ മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയിലിലുള്ളവര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കണം. രാജ്യദ്രോഹക്കേസില്‍ 13,000 പേര് ജയിലിലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം, രാജ്യദ്രോഹകേസുകള്‍ മരവിപ്പിക്കരുതെന്നാണ് കേന്ദ്രം സുപ്രിംകോടതിയില്‍ അറിയിച്ച നിലപാട്. നേരത്തെയുള്ള കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികളാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870ല്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ് 124എ. പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകര്‍ക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍, എഴുത്തുകള്‍, മറ്റ് ആവിഷ്കാരങ്ങള്‍ എന്നിവയാണ് രാജ്യദ്രോഹമാകുന്നത്.