കൊച്ചി: കിടപ്പുരോഗികള്‍ക്കായി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി. തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ മമ്മൂട്ടി വിതരണം ചെയ്തത്.
ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടന് മമ്മൂട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ”ഭാവിയില്‍ ഓക്സിജന്‍ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ഓക്സിജന്‍ കിയോസ്കുകളുണ്ട്. അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം”-മമ്മൂട്ടി പറഞ്ഞു.
ആദ്യഘട്ടത്തില്‍ നാല് സംഘടനകള്‍ക്കും കൊച്ചി കോര്‍പ്പറേഷനുമാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കിയത്. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കുവേണ്ടി ജോസ് കലയപുരം (ആശ്രയ, കൊട്ടാരക്കര), അമല്‍ രാജ് (ഗാന്ധിഭവന്, പത്തനാപുരം), വാഹിദ് മാവുങ്കല്‍ (എസ്.യു.എസ്. ചാരിറ്റബിള്‍ ട്രസ്റ്റ്, വണ്ടാനം),
അബ്ദുല്‍ വാഹിദ് (ഷിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട്) എന്നിവരും കൊച്ചി കോര്‍പ്പറേഷനുവേണ്ടി വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ലാലുമാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഏറ്റുവാങ്ങിയത്.
അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുത്ത് രോഗികള്‍ക്ക് നല്‍കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓക്സിജന്‍ തീരില്ല. സിലിന്‍ഡര്‍ മാറേണ്ട ആവശ്യവുമില്ല. കിടപ്പുരോഗികള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.
ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 50 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് വിതരണം ചെയ്യുന്നത്.
പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് പറഞ്ഞു.