വിമാനത്തില്‍ സഹയാത്രികന്റെ ജീവന് രക്ഷിച്ച് തെലങ്കാന ഗവര്‍ണര്‍ തമിഴസൈ സൗന്ദരരാജന്. രോഗബാധിതനായ ഐപിഎസ് ഓഫിസര്‍ കൃപാനന്ദ് ത്രിപാഠി ഉജേലയെയാണ് ഡോക്ടര്‍ കൂടിയായ ഗവര്‍ണര്‍ ഉടന്‍ പരിശോധിച്ച് ആശുപത്രിയിലെത്തിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.
ആശുപത്രിയില്‍ എത്തിച്ച കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഗവര്‍ണര്‍ മാഡം തന്റെ ജീവന് രക്ഷിച്ചുവെന്നും ഒരു അമ്മയെപ്പോലെ അവര്‍ തന്നെ സഹായിച്ചുവെന്നും കൃപാനന്ദ് ത്രിപാഠി പറഞ്ഞു. മാഡം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ തനിക്ക് ആശുപത്രിയിലെത്താന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശ് കേഡറില്‍ നിന്നുള്ള ഉജേല നിലവില്‍ അഡീഷണല്‍ ഡി.ജി.പിയാണ്. വിമാനത്തില്‍വച്ച് കൃപാനന്ദ് ത്രിപാഠിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ തമിഴസൈ സൗന്ദരരാജന് പരിശോധിച്ചു. ഹൃദയമിടിപ്പ് വെറും 39 ആയിരുന്നു. തുടര്‍ന്ന് കൃപാനന്ദിനോട് തമിഴസൈ മുന്നോട്ട് കുനിയാന്‍ ആവശ്യപ്പെട്ടു, കുറച്ചു സമയമെടുത്ത് ഹൃദയമിടിപ്പ് പൂര്‍വസ്ഥിതിയിലായി. നിലവില്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കൃപാനന്ദ് ത്രിപാഠി.