വിവാഹത്തിന്റെ പതിവു രീതികളെയെല്ലാം തിരുത്തിയെഴുതി സ്വയം വിവാഹം കഴിക്കാന്‍ ഒരുങ്ങി യുവതി. ഗുജറാത്ത് സ്വദേശിനി ക്ഷമാ ബിന്ദുവാണ് സ്വയം വിവാഹം കഴിക്കാന്‍ ഒരുങ്ങി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്റെ വിവാഹത്തില്‍ വരനും വധുവുമെല്ലാം ഇവര്‍ തന്നെയാണ്.
ഇന്ത്യയില്‍ ആദ്യമാകും ഇങ്ങനെയൊരു വിവാഹമെന്നാണ് ക്ഷമാ ബിന്ദു പറയുന്നത്. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമയുടെ വാദം. അത് സ്വയം അംഗീകരിക്കല്‍ കൂടിയാണ്. ആളുകള്‍ എല്ലായ്പ്പോഴും അവര്‍ക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവള്‍ക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറയുന്നു.
താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ കൂട്ടിച്ചേര്‍ത്തു. ഇതിനാലാണ് സ്വയം വിവാഹചടങ്ങ് സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍വച്ച് ജൂണ്‍ 11നാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഗോവയില്‍ തനിക്കായി രണ്ടാഴ്ചത്തെ ഹണിമൂണും ക്ഷമ പ്ലാന്‍ ചെയ്തിട്ടുണ്ട്.