സിനിമ കണ്ട പ്രേരണയില്‍ 24 കാരനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി . ഈ അടുത്ത് റിലീസ് ചെയ്ത നടന് അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ പോലുള്ള സിനിമകള്‍ കണ്ട പ്രേരണയിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു . യുവാവിനെ കൊല്ലുന്ന വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.
ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളാണ് കൊലയ്ക്ക് പിന്നില്‍. ഒരു കടയിലെ ജോലിക്കാരനെയാണ് മൂന്ന് പേര് ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിന് തുമ്പായത്. പ്രതികളായ കുട്ടികള്‍ അവരെ തന്നെ ബദ്നാം സംഘം എന്നാണ് വിളിച്ചത്. പുഷ്പയില്‍ മുഖ്യ കഥാപാത്രത്തെ അനുകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇത്തരം ചിത്രങ്ങള്‍ കണ്ടതുവഴി ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി തങ്ങളെ വളരെയധികം സ്വാധീനിച്ചതായി കുട്ടികള്‍ മൊഴി നല്കി.
അതേസമയം ഈ അടുത്താണ് പുഷ്പ റിലീസ് ചെയ്തത്. ആന്ധ്രയിലെ കാടുകളില്‍ സുലഭമായ രക്തചന്ദനം ഫോറസ്റ്റിന്റേയും പോലീസിന്റേയും കണ്ണ് വെട്ടിച്ച് കടത്തുന്ന ഒരു സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പോലീസും ഫോറസ്റ്റും തമ്മിലുള്ള അടിപിടികളും സിനിമയില്‍ കാണിക്കുന്നുണ്ട്. നേരത്തെയും ഇത്തരം സിനിമകള്‍ റിലീസ് ചെയ്തിരുന്നു.