മരിക്കുന്ന യുവത്വത്തെക്കുറിച്ച് ടിക് ടോക്കില്‍ സന്ദേശം കുറിച്ച് മണിക്കൂറുകള്‍ക്ക് ശേഷം 19കാരനായ ടിക് ടോക് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. കൂപ്പര്‍ നൊറിഗയെന്ന കൗമാരക്കാരനാണ് മരിച്ചത്. ലോസ് ഏഞ്ചല്സിനടത്തുള്ള ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് കൂപ്പറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ 20 ലക്ഷത്തോളം ഫോളോവേഴ്സുള്ള താരമാണ് കൂപ്പര്‍. ലിപ് സിങ്ക് വിഡിയോകളും ചെറിയ സ്കെച്ചുകളും പോസ്റ്റ് ചെയ്താണ് കൂപ്പര്‍ ശ്രദ്ധേയനായത്. മരിക്കുന്നതിന് മുന്‍പിട്ട പോസ്റ്റും ഇയാളുടെ മരണവും സംബന്ധിച്ച് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മാനസികാരോഗ്യത്തിനായി താന്‍ ഒരു ഡിസ്കോര്‍ഡ് പേജ് ആരംഭിക്കുകയാണെന്ന് ഈ മാസം നാലിന് കൂപ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആളുകള്‍ക്ക് പുറത്തിറങ്ങാനും സ്വയം അഭിപ്രായങ്ങളും മറ്റും പ്രകടിപ്പിക്കാനുള്ള സുരക്ഷിത ഇടമാണിതെന്നും കൂപ്പര്‍ പറഞ്ഞിരുന്നു.