മധ്യപ്രദേശില്‍ പതിനാറുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി. ജബല്‍പൂരിലെ റാഞ്ചിയിലാണ് സംഭവം. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മുത്തശ്ശിയെയും പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. രണ്ടു പേര് ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്.
മുംബൈയില്‍ പിതാവിനോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഓഗസ്റ്റ് 11നാണ് ജബല്‍പൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിയത്. അമ്മാവന്റെ മക്കളാണ് പീഡനം നടത്തിയത്. പതിമൂന്നിനായിരുന്നു സംഭവം നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അമ്മാവന്റെ മക്കള്‍ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഓഗസ്റ്റ് 19ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
തന്റെ മകളെ രണ്ട് ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവെന്നും ഇത് അമ്മയാണ് തന്നോട് വെളിപ്പെടുത്തിയതെന്നും ഇരയുടെ പിതാവ് ചൊവ്വാഴ്ച പൊലീസിനോട് പറഞ്ഞതായി എ.എസ്.പി ജബല്‍പൂര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. ഓഗസ്റ്റ് 23ന് ഇരയുടെ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് റീപോസ്റ്റ്മോര്‍ട്ടം നടത്തി. ബലാത്സംഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബലാത്സംഗം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ പിടിയിലായിട്ടുണ്ട്. രണ്ടാമന് ഒളിവിലാണ്.