ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് റഷ്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്ത് യു.എസ്. പന്ത്രണ്ട് നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി. ഐക്യരാഷ്ട്ര സഭയിലെ യു.എസ് മിഷന് വക്താവാണ് ഇക്കാര്യം അറിയിച്ചത്. 12 പേര് യുഎസ് റെസിഡന്‍സിയുടെ പ്രത്യേകാവകാശങ്ങള്‍ ദുരുപയോഗം ചെയ്തതായി വക്താവ് ഒലിവിയ ഡാല്‍ട്ടണ്‍ പറഞ്ഞു.
പ്രതിനിധികളെ അവരുടെ യു.എന്‍ നയതന്ത്ര സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഡാല്‍ട്ടണ്‍ വ്യക്തമാക്കി. മാര്‍ച്ച് ഏഴിനകം നയതന്ത്രജ്ഞരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. റഷ്യന്‍ മിഷനെതിരെയുള്ള മറ്റൊരു ശത്രുതാപരമായ നടപടിയെന്നാണ് നെബെന്‍സിയ വിശേഷിപ്പിച്ചത്. എന്നാല്‍ നടപടി റഷ്യന്‍ പ്രവര്‍ത്തനത്തിനുള്ള നേരിട്ട പ്രതികരണമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.
യുക്രൈനിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഡസന്‍ പേര് നയതന്ത്രേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് യു.എന്നിലെ യു.എസിന്റെ ഡെപ്യൂട്ടി അംബാസഡറായ റിച്ചാര്‍ഡ് മില്‍സ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്ക രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട പ്രതിനിധികള്‍ നയതന്ത്രജ്ഞര്‍ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തങ്ങള്‍ക്കും കടമകള്‍ക്കും അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും അദ്ദേഹം വിശദമാക്കിയിരുന്നു.