മേയാന്‍ വിട്ട പശുവിനെ കൊന്ന് ഇറച്ചിയാക്കി കടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ഇറച്ചിക്കറി പൊലീസ് സ്റ്റേഷനിലും വിളമ്പി. ചിതറ ഐരക്കുഴി സജീര്‍ മന്‍സിലില്‍ രജീഫാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഓയില്‍പാം എസ്റ്റേറ്റില്മേയാന് വിട്ട പശുവിനെയാണ് ഇയാള്‍ അടക്കമുള്ള സംഘം വെടിവച്ചുകൊന്ന് ഇറച്ചിയാക്കി കടത്തിയത്. ഇതില്‍ നിന്നൊരു ഭാഗം കറിവച്ച് പൊലീസ് സ്റ്റേഷനില്‍ വിളമ്പുകയായിരുന്നു. രജീഫിന് പുറമേ പിതാവ് കമറുദ്ദീന്, ഹിലാരി എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചിയാണെന്ന് പറഞ്ഞാണ് സംഘം വിതരണം ചെയ്തത്. തുടര്‍ന്ന് ദൃശ്യം യൂട്യൂബില്‍ പബ്ലിഷ് ചെയ്തു. ഏരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യമാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്. പൊലീസ് സ്റ്റേഷനിലും മറ്റും ഇറച്ചിക്കറി വിതരണം ചെയ്തതിനാല്‍ റജീഫിനെ സംശയിച്ചിരുന്നില്ല.
ഓയില്‍പാം എസ്റ്റേറ്റില്‍ സാധാരണക്കാരായ കര്‍ഷകരാണ് പശുക്കളെ മേയാന്‍ വിടുന്നത്. കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇവരുടെ വാഹനത്തില്‍ നിന്ന് തോക്കും മറ്റും പൊലീസ് പിടിച്ചെടുത്തിരുന്നു.