ആദ്യ ഭാര്യയിലുണ്ടായ മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തു; പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

തന്റെ ആദ്യ ഭാര്യയിലുണ്ടായ മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തുവെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍. ഉത്തരാഖണ്ഡിലെ ബാസ്പൂര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാറാം എന്നയാളാണ് ഭാര്യ ബാബ്‌ളിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ആദ്യ ഭാര്യയില്‍ ഇന്ദ്രാറാമിന് രണ്ട് ആണ്‍ മക്കളുണ്ട്. ബാബ്‌ളിയുമായുള്ള ബന്ധത്തില്‍ മൂന്ന് മക്കളും. ബാബ്‌ളിയുമായി പതിനൊന്ന് വര്‍ഷത്തെ ദാമ്പത്തിക ജീവിതമുണ്ടെന്നാണ് ഇന്ദ്രാറാം പരാതിയില്‍ പറയുന്നത്. ആദ്യ ഭാര്യയിലെ മക്കളിലൊരാളുമായി ബാബ്‌ളിയുടെ വിവാഹം കഴിഞ്ഞുവെന്നും ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും ഇന്ദ്രാറാം പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ബാബ്‌ളി പോയി. 20,000 രൂപയുമായാണ് പോയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് മകനുമായി വിവാഹം കഴിഞ്ഞതായി അറിഞ്ഞത്. തിരിച്ചു വരാന്‍ ആവശ്യപ്പെട്ടെങ്കിലും ബാബ്‌ളി കൂട്ടാക്കിയില്ല. ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചെന്നും തനിക്ക് പരുക്ക് പറ്റിയെന്നുമാണ് ഇന്ദ്രാറാം പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.