സ്വകാര്യ ബസ് യാത്രക്കിടെ ശല്യം ചെയ്ത മദ്യപനെ കൈകാര്യം ചെയ്ത് യുവതി. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലാണ് സംഭവമുണ്ടായത്. മാനന്തവാടിയില്‍ വിവാഹ ബ്യൂറോ നടത്തുന്ന സന്ധ്യ ജോലിയുടെ ഭാഗമായി പോകുന്നതിനിടെയാണ് ബസില്‍ മദ്യപന്റെ ഉപദ്രവം നേരിട്ടത്. ശല്യം സഹിക്കവയ്യാതെയാണ് സന്ധ്യ പ്രതികരിച്ചത്.
തൊട്ടരുകില്‍ ഇരുന്നായിരുന്നു മദ്യപന് സന്ധ്യയെ ശല്യം ചെയ്തത്. പിന് സീറ്റിലേക്ക് ഇറങ്ങിയിരിക്കാന് ആവശ്യപ്പെട്ടെങ്കിലും അയാള്‍ ശല്യം തുടര്‍ന്നു. ഇതോടെ സന്ധ്യ കണ്ടക്ടറോട് പരാതി പറഞ്ഞു. തുടര്‍ന്ന് പിന്‍സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഇയാള്‍ സന്ധ്യയേയും കണ്ടക്ടറേയും അസഭ്യം പറയാന്‍ തുടങ്ങി. പിന്നീട് സന്ധ്യയുടെ സീറ്റിന് അരികില്‍ എത്തി താടിയില്‍ തൊട്ടതോടെ അവര്‍ ബസില്‍ നിന്ന് ഇറങ്ങി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു.
ശല്യം ചെയ്ത ആള്‍ക്കെതിരെ പരാതി നല്കാന് സഹയാത്രികര്‍ ആവശ്യപ്പെട്ടെങ്കിലും അത് വേണ്ടെന്നാണ് സന്ധ്യ പറഞ്ഞത്. അയാള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്തിട്ടുണ്ടെന്നും ഇനി നിയമനടപടി വേണ്ടെന്നുമാണ് സന്ധ്യയുടെ പക്ഷം.