ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ഒരു മെസേജ് അയക്കാന്‍ തയ്യാറായത് എം.എസ് ധോണി മാത്രമായിരുന്നുവെന്ന് ക്രിക്കറ്റ് താരം വിരാട് കോലി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു കോലി ഇത് പറഞ്ഞത്. തന്നെ ഉപദേശിക്കുന്നവര്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ കോലി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗാവസ്കര്‍.
താനുമായി സൗഹൃദം കാത്തുസൂക്ഷിക്കാത്ത താരങ്ങളുടെ പേര് പറയുകയാണ് കോലി വേണ്ടതെന്ന് ഗാവസ്കര്‍ പറഞ്ഞു. വിരാട് ആരെയാണ് പറയുന്നത് എന്നറിയില്ല. ആരുടെയെങ്കിലും പേര് മനസില്‍ വച്ചാണ് സംസാരിക്കുന്നതെങ്കില്‍ അവരോട് പോയി നേരിട്ട് ചോദിക്കുകയാണ് വേണ്ടത്. ടെസ്റ്റ് ക്യാപ്റ്റന്‍സ് ഒഴിഞ്ഞപ്പോള്‍ എംഎസ്ഡി മാത്രമാണ് വിളിച്ചത് എന്നാണ് കോലി പറഞ്ഞത്. ഒപ്പം കളിച്ച മുന്‍ താരങ്ങളെ കുറിച്ചാണ് കോലി പറയുന്നതെങ്കില്‍, അവരെല്ലാം ടിവിയില്‍ ഒരുപാട് പ്രത്യക്ഷപ്പെടുന്നവരാണ്. ആരെയാണോ പരാമര്‍ശിക്കുന്നത് അവരുടെ പേര് കോലി പറയുകയാണ് വേണ്ടത്. നിങ്ങള്‍ എന്തുകൊണ്ട് സന്ദേശം അയച്ചില്ല എന്ന് അവരോട് നേരിട്ട് ചോദിക്കുകയാണ് വേണ്ടതെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
എന്ത് മെസേജാണ് കോലിക്ക് വേണ്ടതെന്നും സുനില്‍ ഗവാസ്കര്‍ ചോദിച്ചു. പ്രോത്സാഹനമാണോ വേണ്ടതെന്നും ക്യാപ്റ്റന്‍സി പൂര്‍ത്തിയാക്കി ഒരാള്‍ക്ക് എന്തിനാണ് പ്രോത്സാഹനമെന്നും ഗവാസ്കര്‍ ചോദിച്ചു. ഇപ്പോള്‍ താരമായി മാത്രമാണ് കോലി കളിക്കുന്നത്. അപ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ക്യാപ്റ്റന്‍സി ഒഴിഞ്ഞുകഴിഞ്ഞാല്‍ സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. 1985ല്‍ താന്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആ രാത്രി ആഘോഷിച്ചു. എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു. അതിനപ്പുറം എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും സുനില്‍ ഗവാസ്കര്‍ ചോദിച്ചു.