ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പ്രിയപ്പെട്ട ബെന്‍സ് കാര്‍ ഇനി വ്യവസായി എം.എ യൂസഫലിക്ക് സ്വന്തം. ഉത്രാടം തിരുനാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാന്‍ 42 എന്ന ബെന്‍സ് കാറാണ് യൂസഫലി സ്വന്തമാക്കിയത്. 1955 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 180 ടി എന്ന കാര്‍ കവടിയാര്‍ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
12,000 രൂപക്കാണ് 1950കളില്‍ കാര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. ജര്‍മനിയിലാണ് നിര്‍മാണം. കര്‍ണാടകയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനപ്രേമിയായ ഉത്രാടം തിരുനാളിന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ ബെന്‍സ്. തന്റെ യാത്രക്ക് ഏറെ ഉപയോഗിച്ചതും ഈ കാര്‍ തന്നെ. ഇതാണ് ആത്മബന്ധത്തിന്റെയും സൗഹാര്‍ദത്തിന്റെയും അടയാളമായി യൂസഫലിക്ക് സമ്മാനിക്കുന്നത്.
38ാം വയസിലാണ് ഉത്രാടം തിരുനാളിന് കാര്‍ ലഭിക്കുന്നത്. മൊത്തം 40 ലക്ഷത്തോളം തവണ ഉത്രാടം തിരുനാള്‍ വാഹനത്തില്‍ സഞ്ചരിച്ചെന്നാണ് കണക്ക്. അതില്‍ 23 ലക്ഷം മൈലും ഈ ബെന്‍സ് കാറിലായിരുന്നു. ഇത്രയും മൈലുകള്‍ ബെന്‍സ് കാറില്‍ സഞ്ചരിച്ചതിന് ബെന്‍സ് കമ്പനി അദ്ദേഹത്തിന് ഉപഹാരവും പ്രത്യേക മെഡലും നല്കി. ഈ മെഡല്‍ കാറിന്റെ മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസിലും അദ്ദേഹം ഈ കാര്‍ ഓടിച്ചിരുന്നു.
ഉത്രാടം തിരുനാളിന്റെ മരണശേഷമാണ് കാര്‍ യൂസഫലിക്ക് സമ്മാനിക്കാന്‍ കുടുംബം തീരുമാനിച്ചത്. കാര്‍ മകന് പത്മനാഭ വര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.