കാമുകിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ മ്യൂസിയത്തില്‍ കയറി പുരാവസ്തുക്കള്‍ അടിച്ച് തകര്‍ത്ത് യുവാവ്. യുഎസിലെ ഡല്ലാസിലാണ് സംഭവം ഉണ്ടായത്. 21 -കാരനായ ബ്രയാന്‍ ഹെര്‍ണാണ്ടസാണ് മ്യൂസിയം ഓഫ് ആര്‍ട്ടില്‍ ഒളിച്ച് കയറി വന്‍ നാശനഷ്ടം വരുത്തിയത്. ഏകദേശം 40കോടി രൂപയുടെ നാശനഷ്ടം ഇയാള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ട്.
ബ്രയാന്‍ ഹെര്‍ണാണ്ടസ് നശിപ്പിച്ച പുരാവസ്തുക്കളില്‍ അമൂല്യമായ പുരാതന ഗ്രീക്ക്, തദ്ദേശീയ അമേരിക്കന്‍ പുരാവസ്തുക്കള്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാത്രിയോടെ ബ്രയാന്‍ മ്യൂസിയത്തില്‍ അതിക്രമിച്ച് കയറുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി ഏകദേശം 9.40 ഓടെയാണ് ഹെര്‍ണാണ്ടസ് മ്യൂസിയത്തില്‍ എത്തിയത്. ഒരു ഇരുമ്പ് കസേര ഉപയോഗിച്ചാണ് അയാള്‍ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തത്. തുടര്‍ന്ന് അകത്തുകയറി കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുകയായിരുന്നു.
ഒരു മുറിയിലെ സാധനങ്ങള്‍ എല്ലാം തകര്‍ത്തിട്ടും കോപം ശമിക്കാതെ അയാള്‍ അടുത്ത മുറിയില്‍ പോയി അവിടെയുള്ളതും അടിച്ച് തകര്‍ത്തു. ആറാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ഭരണിയും, 450 ബി.സി.യിലേതെന്ന് വിശ്വസിക്കുന്ന ഒരു കുടവും അയാള്‍ തകര്‍ത്തു. മ്യൂസിയത്തില്‍ ഹെര്‍ണാണ്ടസ് നശിപ്പിച്ച വസ്തുക്കളില്‍, ‘കൈലിക്സ് ഹെരാക്കിള്‍സ് ആന്‍ഡ് നെമിയോണ്‍ ലയണ്‍’ എന്ന പ്രതിമയും ഉള്‍പ്പെടുന്നു. 100,000 ഡോളറാണ് അതിന്റെ മൂല്യം. പുരാവസ്തുക്കള്‍ കൂടാതെ, ലാപ്ടോപ്പ്, മോണിറ്റര്‍, ഫോണ്‍, നാല് ചില്ല് കൂടുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് സാധനങ്ങളും ബ്രയാന്‍ തകര്‍ത്തു. ബഹളം കേട്ട് സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയതോടെ അയാള്‍ അതിക്രമം നിര്‍ത്തി. പൊലീസ് എത്തി ബ്രയാനെ കസ്റ്റഡിയില്‍ എടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.