ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോട്ടയം മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ കടുക്കുകയാണ്.യു ഡി എഫിൽ നിന്നും പിജെ ജോസഫും എൽ ഡി എഫിൽ നിന്ന് ജോസ് കെ മാണിയും അങ്കത്തിന് ഇറങ്ങുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അങ്ങനെയൊരു പോരാട്ടത്തിന് വഴിയൊരിങ്ങാൽ മണ്ഡലത്തിൽ പൊടിപാറുമെന്ന കാര്യത്തിൽ തർക്കമില്ല.കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ജോസഫ്-ജോസ് പക്ഷങ്ങൾ തമ്മിൽ പോര് രൂക്ഷമാകുകയും ജോസ് പക്ഷം യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് ചേക്കേറുകയും ചെയ്തതോടെ കോട്ടയം എൽ ഡി എഫിന്റെ ഭാഗം ചേരുകയായിരുന്നു.
ജോസ് പക്ഷത്തിന്റേയും എൽ ഡി എഫിന്റേയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കോട്ടയത്ത് പി ജെ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ യു ഡി എഫ് ആരംഭിച്ചു. ജോസഫ് ഇറങ്ങിയാൽ അട്ടിമറി ഉണ്ടാക്കാമെന്നാണ് യു ഡി എഫിലെ വികാരം. മത്സരിക്കുന്നതിനോട് പി ജെ ജോസഫിനും എതിർപ്പില്ലെന്നാണ് സൂചന. പാർലമെന്റിൽ മത്സരിക്കാനുളള താത്പര്യം നേരത്തേ തന്നെ ജോസഫ് പങ്കുവെച്ചിട്ടുമുണ്ട്.മറ്റൊന്ന്,ജോസഫ് പാർലമെന്റിലേക്ക് മത്സരിച്ചാൽ മകൻ അപ്പുവിനെ തൊടുപുഴ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാമെന്നും ജോസഫ് കണക്ക്കൂട്ടുന്നു. അതേസമയം ജോസഫ് ഇറങ്ങിയാൽ സീറ്റ് ആഗ്രഹിക്കുന്ന പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജും പിസി തോമസ്, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ ഉൾപ്പെടെ ആരും തന്നെ എതിർപ്പ് ഉയർത്താൻ സാധ്യത ഇല്ലെന്നും യു ഡി എഫ് കരുതുന്നു.
അതിനിടെ പി ജെ ജോസഫ് കോട്ടയത്ത് മത്സരിച്ചാൽ ജോസ് സ്ഥാനാർത്ഥിയാകണമെന്നാണ് സി പി എം നേതൃത്വത്തിന്റെ നിലപാട്. അടുത്ത വര്‍ഷം ജൂണില്‍ ജോസ് കെ മാണിയുടെ രാജ്യസഭ കാലാവധി അവസാനിക്കും. ഇതും സി പി എം ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ തട്ടകമായ പാലായിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം ജോസ് കെ മാണിക്കുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച് വിജയിച്ചാൽ അത് ജോസിനെ സംബന്ധിച്ച് വൻ തിരിച്ചുവരവാകും.