കാളീ ദേവിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. തന്റെ മതത്തിനുമേല്‍ ഏകശിലാപരമായ പുരുഷാധിപത്യ, ബ്രാഹ്മണിക്കല്‍, ഉത്തരേന്ത്യന്‍ വിശ്വാസ സങ്കല്പം അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മഹുവ പറഞ്ഞു.
താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ്. തനിക്കെതിരെ ബംഗാളില്‍ ഏത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയാലും അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കാളീ ക്ഷേത്രമുണ്ടായിരിക്കും. അവിടെ നടക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞത് ശരിയാണെന്നും അത് തങ്ങളുടെ സങ്കല്പ്പത്തിന് അനുസരിച്ചുള്ള ആചാരമാണെന്നും മനസിലാകുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്യണമെന്ന ബംഗാള്‍ ബിജെപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായാണ് അവര്‍ പ്രതികരിച്ചത്. താനൊരു കാളി ഭക്തയാണ്. താന്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. നിങ്ങളുടെ അറിവില്ലായ്മയെ, നിങ്ങളുടെ ഗുണ്ടകളെ, നിങ്ങളുടെ പൊലീസിനെ സര്‍വോപരി നിങ്ങളുടെ ട്രോളുകളെയും ഭയക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാളീദേവിയെക്കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ പ്രസ്താവന വിവാദമായിരുന്നു. അവര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ഭോപ്പാല്‍ പൊലീസ് കേസെടുത്തിരുന്നു.