ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നും ഐ.പി.എല്‍ മുന്‍ ചെയര്‍മാനായ ലളിത് മോദിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ലളിത് മോദിയുടെ ട്വീറ്റായിരുന്നു പുതിയ വിവാദത്തിന് വഴിതെളിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ലളിത് മോദി.
തന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് ലളിത് മോദി ചോദിച്ചത്. രണ്ട് ചിത്രം പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയും മാത്രമാണ് ചെയ്തത്. അതിലെന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. നമ്മള് ഇപ്പോഴും മധ്യകാലഘട്ടത്തിലാണോ ജീവിക്കുന്നത്. ആളുകള്‍ക്ക് സുഹൃത്തുക്കളാകാനും കെമിസ്ട്രിയും സമയവും ശരിയാണെങ്കിലും മാജിക് സംഭവിക്കാനും സാധിക്കില്ലേയെന്നും ലളിത് മോദി ചോദിച്ചു.
രാജ്യത്തെ എല്ലാ മാധ്യമപ്രവര്‍ത്തകരും അര്‍ണബ് ഗോസ്വാമിയാകാന്‍ ശ്രമിക്കുകയാണ്, ഏറ്റവും വലിയ കോമാളി. ജീവിക്കുക. ജീവിക്കാന്‍ അനുവദിക്കുക. ശരിയായ വാര്‍ത്ത എഴുതാന്‍ തയ്യാറാകണമെന്നും ലളിത് മോദി ആവശ്യപ്പെട്ടു. നിങ്ങളെക്കാള്‍ തലയുയര്‍ത്തി തന്നെയാണ് താന്‍ നടക്കുന്നത്. നിങ്ങള്‍ തന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നു. ഏത് കോടതിയാണ് തന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പറയാമോ? ഒരു കോടതിയുമല്ല. ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. തന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നത് കാര്യമാക്കുന്നില്ല. താന്‍ ജനിച്ചത് ഡയമണ്ട് കരണ്ടിയുമായാണ്. റായ് ബഹദൂര്‍ ഗുജാര്‍മല്‍ മോദിയുടെ കൊച്ചുമകനാണെന്ന് മറക്കരുത്. താന്‍ പൊതുജനത്തിന്റെ പണമെടുത്തിട്ടില്ല, സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും പറ്റിയിട്ടില്ലെന്നും ലളിത് മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് താനും സുസ്മിതയും ഡേറ്റിംഗിലാണെന്ന് ലളിത് മോദി പറഞ്ഞത്. സുസ്മിത സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്റുകള്‍ വന്നു. ഇതോടെ മറ്റൊരു ട്വീറ്റിലൂടെ വിശദീകരണവുമായി ലളിത് മോദിയെത്തി. തങ്ങള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും പരസ്പരം ഡേറ്റിംഗിലാണെന്നും പറഞ്ഞ ലളിത് മോദി, വിവാഹം ഒരുനാള്‍ സംഭവിക്കുമെന്നും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് സുസ്മിത സെന്‍ രംഗത്തെത്തി. മക്കളായ റെനീ, അലീസ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും കുറിപ്പുമാണ് സുസ്മിത പോസ്റ്റ് ചെയ്തത്ത്. സന്തോഷം നിറഞ്ഞ ഒരിടത്താണ് താനുള്ളതെന്ന് സുസ്മിത പറഞ്ഞു. വിവാഹം കഴിഞ്ഞിട്ടില്ല. മോതിരമിട്ടിട്ടില്ല. സ്നേഹംകൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ്. മതിയായ വ്യക്തത വരുത്തിക്കഴിഞ്ഞു. ഇപ്പോള്‍ ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചുവന്നിരിക്കുന്നുവെന്നും സുസ്മിത സെന്‍ കുറിച്ചിരുന്നു.
ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യന്‍ വനിതയാണ് സുസ്മിത സെന്‍. ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത സെന്‍. 59കാരനായ ലളിത് മോദി ഐപിഎല്‍ എന്ന ആശയത്തിന്റെ പിതാവും, അതിന്റെ ആദ്യത്തെ ചെയര്‍മാനും ആയിരുന്നു. 2010 വരെ മൂന്ന് വര്‍ഷം ഐപിഎല്‍ നയിച്ചു ബിസിസിഐയുടെ വൈസ് പ്രസിഡന്റായും ചാമ്പ്യന്‍സ് ലീഗിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പിന്നീട് സാമ്പത്തിക ക്രമക്കേടുകളില്പ്പെട്ട് രാജ്യം വിട്ടു. 2018ല്‍ ലളിത് മോദി വിവാഹ മോചിതനായി. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. നിലവില്‍ ലണ്ടനിലാണ് ലളിത് മോദി.