വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൈഗര്‍. പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്തത്. റിലീസിന് തൊട്ടുമുന്‍പ് ചിത്രത്തിനെതിരെ ബഹിഷ്കരണഹ്വാനം നടന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് ദേവരക്കൊണ്ട മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതും കരണ്‍ ജോഹര്‍ ചിത്രം നിര്‍മിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്കരണാഹ്വാനം. സംഭവത്തില്‍ പ്രതികരിച്ച് വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ തീയറ്റര്‍ ഉടമ. മറാത്ത മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. വിജയ് ദേവരക്കൊണ്ടയുടെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. ബഹിഷ്കരണ ക്യാമ്പെയ്ന് നടക്കുമ്പോള്‍ തങ്ങളുടെ സിനിമ ബഹിഷ്കരിച്ചോളൂ എന്നാണ് വിജയ് പറഞ്ഞതെന്നും മനോജ് ദേശായി പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിനെ ബാധിച്ചു. അത് തങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുരയാണ്. നാശത്തിന് അരികില്‍ നില്ക്കുമ്പോള് ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലതെന്നും മനോജ് ദേശായി പറഞ്ഞു.
ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കരണ്‍ ജോഹറാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് ശേഷം കരണിന്റെ ചിത്രം ബഹിഷ്കരിക്കണമെന്ന രീതിയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ലൈഗറിനെതിരേയും ഈ രീതിയിലാണ് പ്രചാരണം നടന്നത്. ബഹിഷ്കരണാഹ്വാനത്തില് തനിക്ക് തെല്ലും ഭയമില്ലെന്നായിരുന്നു വിജയ് ദേവരക്കൊണ്ട പ്രതികരിച്ചത്.