അമീർ പള്ളിക്കൽ എന്ന നവാഗത സംവിധായകൻ സംവിധാനം ചെയ്ത ചിത്രമാണ് ആയിഷ. മഞ്ജു വാര്യർ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിപ്ലവത്തിന്റെയും ഹൃദയ മൂല്യങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ഇതിനുമുമ്പും മലയാളത്തിൽ വന്നിട്ടുള്ള കഥാപരിസരം ആണ് സിനിമ സംസാരിക്കുന്നത് എങ്കിലും ഇത്രയും വേറിട്ട അവതരണം ആദ്യമായിട്ടാണ് മലയാളത്തിൽ കാണുന്നത്. സിനിമയുടെ സമ്പൂർണ്ണ റിവ്യൂ വായിക്കാം:
ഗദ്ദാമയായി റിയാദിലെ ഒരു രാജകുടുംബത്തിലെ എത്തിപ്പെടുന്ന ആയിഷ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്. ഇവിടെ ഒരു സ്ത്രീയെ ഇവർ പരിചയപ്പെടുന്നു. രാജകുടുംബത്തിലെ അംഗമാണ് ഇവർ. മാമ്മ എന്നാണ് ഈ കഥാപാത്രത്തെ എല്ലാവരും വിളിക്കുന്നത്. ഈ സ്ത്രീയും ആയിഷയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അറബ് നാടുകളിലെ സമ്പന്നരെ എല്ലാവരെയും പൊതുവേ മലയാളം സിനിമകളിൽ ക്രൂരന്മാരും പണത്തോട് ആർത്തി ഉള്ളവരും ആയിട്ടാണ് കാണിക്കാറുള്ളത്. പക്ഷേ പതിവിന് വിപരീതമായി ഇവരെ ഹൃദയമുള്ളവർ ആയിട്ടാണ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത്. എല്ലാ മനുഷ്യരും സഞ്ചരിക്കുന്നത് പല വഴികളിലൂടെ ആണെങ്കിലും എല്ലാവരും ആത്യന്തികമായി ആഗ്രഹിക്കുന്നത് തുല്യതയാണ് എന്ന വലിയ ഒരു സന്ദേശമാണ് ഈ സിനിമ പകരുന്നത്.
പലതരത്തിലുള്ള ദ്വന്ത്വ ആശയങ്ങളെ ഈ സിനിമയിൽ വരച്ചു കാണിക്കുന്നുണ്ട്. നാട്ടിൻ പുറത്ത് പലഹാരം ഉണ്ടാക്കി വിൽക്കുന്ന ഒരു സ്ത്രീയെ ഈ സിനിമയിൽ കാണിക്കുന്നുണ്ട്. ഇവരും രാജകുടുംബത്തിലെ സ്ത്രീകളും തമ്മിൽ ഒരു ബന്ധവും ഇല്ല. പക്ഷേ ആത്യന്തികമായി എല്ലാവരും മനുഷ്യരാണ് എന്നും എല്ലാവർക്കും ഒരേ മൂല്യങ്ങളാണ് അവരുടെ മനസ്സുകളിൽ ഉള്ളത് എന്നും ഈ കഥാപാത്രങ്ങളിലൂടെ പറയുകയാണ് കഥാകൃത്തും സംവിധായകനും. ഈ കുടുംബത്തിനകത്ത് നിന്നും ആയിഷ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികൾ ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
മഞ്ജു വാര്യരുടെ ഗംഭീരത ഘടകം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. അത്ഭുതപ്പെടുത്തുന്ന ആണ് താരം സിനിമയ്ക്ക് വേണ്ടി നടത്തിയിരിക്കുന്നത്. അഭിനയത്തിന് പുറമേ നടിയുടെ ചടുലമായ നൃത്ത രംഗങ്ങളും ഏവരെയും ത്രസിപ്പിക്കുന്നത് ആണ്. ഇതിനു മുൻപ് മഞ്ജു അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഒരേ സ്വഭാവമുള്ളവയായിരുന്നു. എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമായി നിൽക്കുകയാണ് ഈ സിനിമയിലെ കഥാപാത്രം.
അതേസമയം സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാധികയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇവരെ വീണ്ടും സ്ക്രീനിൽ കാണുന്നത്. വളരെ മികച്ച രീതിയിൽ ഈ കഥാപാത്രത്തെ ഇവർ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും മികച്ചതായി തോന്നിയത് കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയാണ്. ആയിഷയും മാമ്മ എന്ന കഥാപാത്രവും തമ്മിലുള്ള ഇമോഷണൽ കണക്ഷൻ എല്ലാവരുടെയും കണ്ണു നനയിപ്പിക്കുന്നതു തന്നെയായിരിക്കും. അറബ് നാടുകളിൽ നിന്നും ആഫ്രിക്കൻ നാടുകളിൽ നിന്നും ശ്രീലങ്കയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഉള്ള എല്ലാ അഭിനേതാക്കളും അവരുടെ പ്രകടനം വളരെ മികച്ച രീതിയിൽ തന്നെ അടയാളപ്പെടുത്തുന്നു ഈ കൊച്ചു മലയാളം സിനിമയിൽ. ഒരുപാട് വിദേശ ലൊക്കേഷനുകളിൽ പോയി ചിത്രീകരിച്ചാൽ ഇൻറർനാഷണൽ സിനിമ ആവില്ല എന്നും അതിന് ലോകത്തുള്ള മനുഷ്യരെ മുഴുവൻ റെപ്രസെന്റ് ചെയ്യുകയും അവരെ അഡ്രസ്സ് ചെയ്യുകയും ചെയ്യുന്ന കഥയുണ്ടെങ്കിൽ മാത്രമേ നടക്കുകയുള്ളൂ എന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ആയിഷ എന്ന ചിത്രം.