ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകളിൽ ഒന്നാണ് തനിഷ്ക്. കഴിഞ്ഞമാസം വലിയൊരു വിവാദത്തിൽ ഇവർ അകപ്പെട്ടിരുന്നു. ഹിന്ദു മുസ്ലിം സൗഹാർദ്ദം വരച്ചുകാട്ടിയ ഒരു പരസ്യചിത്രത്തിനു എതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും പരസ്യം പിൻവലിക്കുകയും ചെയ്തു.
ഇപ്പോൾ സമാനമായ മറ്റൊരു വിവാദത്തിൽ കൂടി അകപ്പെട്ടിരിക്കുകയാണ്. ഈ ദീപാവലിക്ക് പടക്കങ്ങൾ ഒഴിവാക്കുവാൻ അഭ്യർഥിച്ചുകൊണ്ടുള്ള സന്ദേശമാണ് വീഡിയോ നൽകുന്നത്. ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തി എന്ന കാരണം പറഞ്ഞു കൊണ്ടാണ് ഇത്തവണയും വിമർശനം ഉയർന്നത്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് അരങ്ങേറുന്നത്. ഇതേ തുടർന്നാണ് ഈ പുതിയ പരസ്യവും ഇവർ പിൻവലിച്ചിരിക്കുന്നത്.
വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം ആണ് വീഡിയോ പിൻവലിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സംഭവത്തെ അപലപിച്ചു കൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്. നല്ല പരസ്യചിത്രം ആയിരുന്നു എന്നും, പിൻവലിച്ചത് ശരിയായില്ല എന്നുമാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്.
ഈ ആഴ്ച ആണ് ദീപാവലി കടന്നു വരുന്നത്. എയർ പൊല്യൂഷൻ കൂടുതലായാൽ കൊവിഡ് പകരാനുള്ള സാഹചര്യം കൂടുതലാണ് എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട് പ്രകാരം നിരവധി സംസ്ഥാനങ്ങളാണ് പടക്കങ്ങൾ പൂർണമായി നിരോധിച്ചിരിക്കുന്നത്. എന്നിട്ടുപോലും ഈ പരസ്യ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നത് അപലപനീയമാണ്.