തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. താനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം. മുഖ്യമന്ത്രിക്കും ജലീലിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ് നിരന്തരം ഫോണ്‍ കോള്‍ വരുന്നുണ്ടെന്നും ഇവരാണ് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്ന പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. മരട് അനീഷ് എന്നൊരാള്‍ വിളിച്ചുഭീഷണിപ്പെടുത്തി. മലപ്പുറത്തുനിന്ന് നൗഫല്‍ എന്നു പേരുള്ളയാള്‍ കെ.ടി ജലീലിന്റെ നിര്‍ദേശത്തില്‍ വിളിക്കുകയാണെന്ന് പറഞ്ഞു വിളിച്ചു. എത്രനാള്‍ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഒരുപാട് ഭീഷണികള്‍ മുന്‍പും ഉണ്ടായിരുന്നു. അതെല്ലാം ഇന്റര്‍നെറ്റ് വഴിയുള്ളതായിരുന്നതിനാല്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ നേരിട്ട് ഫോണ്‍ നമ്പര്‍ വഴി അഡ്രസെല്ലാം പറഞ്ഞാണ് വിളിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മകളുടെയും കെ.ടി ജലീലിന്റെയുമെല്ലാം പേരുപറയുന്നത് നിര്‍ത്താനാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഇല്ലാതാക്കിക്കളയുമെന്നുള്ള ശക്തമായ ഭീഷണികളാണ് ഇന്നലെ മുതല്‍ കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു. ജീവനുള്ള കാലം ഇ.ഡിയോട് സഹരിച്ച് പരമാവധി തെളിവുകള്‍ നല്കി ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തും. ഒരു ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഗൂഢാലോചനാ കേസ് എന്നു പറഞ്ഞ് ക്രൈംബ്രാഞ്ച് തന്നെ വിളിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.