ലൈംഗികാതിക്രമങ്ങളെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും ലഭിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി. വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിക്കാന്‍ കാരണം കുട്ടിയുടെ മൊഴിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.
‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും ലഭിക്കണം. തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാന്‍ കാരണമായത്. കുട്ടികള്‍ തിരിച്ചറിയട്ടെ ‘ഗുഡ് ടച്ചും ബാഡ് ടച്ചും’- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
2020 നവംബര്‍ 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്ക്കുമ്പോള് വീട്ടുജോലിക്ക് വന്ന കാലടി സ്വദേശിയായ പ്രതി വിജയകുമാര്‍ കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. കുട്ടി അമ്മയോട് സംഭവം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.