ബിജെപി ഇതര സര്‍ക്കാരുള്ള സംസ്ഥാനങ്ങളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റാലിന് മുന്‍കൈ എടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
അടല്‍ ബിഹാരി വാജ്പേയിയുടെ പത്ത് വര്‍ഷക്കാലത്തെ ഭരണത്തിനിപ്പുറം പ്രധാനമന്ത്രിയായി മന്മോഹന് സിംഗ് ഉയര്‍ന്നു വന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരക്കാരനായി പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരാള്‍ ഉയര്‍ന്നുവരുമെന്നും സീതാറാം യെച്ചൂരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
1977ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ പരാജയത്തിന് ശേഷം ജനതാ പാര്‍ട്ടി രൂപീകരിച്ചു. യുഡിഎഫും, എന്‍ഡിഎയും യുപിഎയും തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടതാണ്. സമാനമായി 2024 ലും സംഭവിക്കുമെന്നും യെച്ചൂരി പറഞ്ഞു. തമിഴ്നാട്ടില്‍ എഐഎഡിഎംകെ, ബിജെപി തുടങ്ങിയവരെ പിന്തള്ളിയ ഡിഎംകെയും ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറിലെ രാഷ്ട്രീയ ജനതാദളും ബിജെപിയെ പരാജയപ്പെടുത്തി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒന്നിക്കണമെന്നും യെച്ചൂരി പറഞ്ഞു.