റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകന് സോമദാസ് ചാത്തന്നര് അന്തരിച്ചു. 42 വയസായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. സംസ്കാരം ഇന്ന് പകല്‍ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിന്നീട് നില ഗുരുതരം ആയി, തുടര്‍ന്നാണ് അന്ത്യം.
കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃക്കയ്ക്കും രോഗബാധ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ ചികിത്സയില്‍ കോവിഡ് മുക്തനായി രോഗം ഭേദമായി വരുകയായിരുന്നു. ആരോഗ്യ നിലയില്‍ മാറ്റം കണ്ടതോടെ വാര്‍ഡിലേക്ക് മാറ്റാന്‍ താരുമാനിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചത്. സോമദാസിന് ഭാര്യയും നാലു പെണ്മക്കളും ഉണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് സോമദാസ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോകളിലും എത്തിയതോടെ ആരാധകരും ഏറെയായി. ഗാനമേള വേദികളിലും റിയാലിറ്റി ഷോകളിലുമായാണ് സോമദാസ് പ്രശസ്തനായത്.
അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം പാടിയിട്ടുണ്ട്. പ്രശസ്ത നടന് കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെയാണ് സോമദാസ് തിളങ്ങിയത്.