പഞ്ചാബില്‍ കൊല്ലപ്പെട്ട ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടെന്ന് പഞ്ചാബ് പൊലീസ്. കേസില്‍ പിടിയിലായ കപില്‍ പണ്ഡിറ്റ് ആണ് ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മുംബൈയില്‍ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങള്‍ സല്‍മാന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡീ ബ്രാര്‍ ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് അറിയിച്ചു.
സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയവര്‍ ബോലിവുഡ് സംവിധായകന് കരണ്‍ ജോഹറിനെ ലക്ഷ്യമിട്ടിരുന്നതായി നേരത്തേ വെളിപ്പെടുത്തലുണ്ടായിരുന്നു. കരണ്‍ ജോഹറില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാനും പദ്ധതിയിട്ടിരുന്നു. സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ പ്രതി സൗരഭ് മഹാകലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയുടെ സംഘമാണ് കരണ്‍ ജോഹറിനെ ലക്ഷ്യമിട്ടതെന്നും മഹാകല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ മെയ് 29നായിരുന്നു സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍വച്ച് കൊലയാളികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ദീപക് മുണ്ടി, സച്ചിന്, പ്രിയവ്രത ഫൗജി, കപില്‍ പണ്ഡിറ്റ്, അങ്കിത്, കശിഷ് ഏലിയാസ് കുല്‍ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.