ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ത്യൻ താരം ശ്രേയസ് അയ്യർ നയിക്കും. ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിൽ നേരത്തെ ഡൽഹി കാപ്പിറ്റൽസിന്റെ ക്യാപ്ടൻസി വഹിച്ചിട്ടുള്ള താരമാണ് ശ്രേയസ് അയ്യർ.
ഐ.പി.എൽ ലേലത്തിൽ ശ്രേയസ് അയ്യരെ സ്വന്തമാക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിന് ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിലും തങ്ങൾ സന്തുഷ്ടരാണെന്ന് കെകെആറിന്റെ സിഇഒയും എംഡിയുമായ വെങ്കി മൈസൂർ പറഞ്ഞു. ഉന്നത നിലവാരമുള്ള മികച്ച ബാറ്റ്സ്മാനാണ് ശ്രേയസ്. കെ.കെ.ആറിന്റെ നായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കെകെആർ പോലൊരു അഭിമാനകരമായ ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ശ്രേയസ് അയ്യരും പറഞ്ഞു.
അതേസമയം ശ്രേയസുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ഹെഡ് കോച്ച് ബ്രെണ്ടൻ മക്കലം പറഞ്ഞു. ശ്രേയസിന്റെ ക്യാപറ്റൻസി മികവ് ദൂരെ നിന്നു കണ്ട് ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.