നിക്ഷേപകരെ വഞ്ചിച്ച് 400 കോടി തട്ടിച്ചു, പിന്നാലെ ഭൂമി തട്ടിപ്പ് കേസും; ഒടുവില്‍ ക്ഷയരോഗം ബാധിച്ച് മരണം

നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടിച്ച കേസിലെ പ്രതി ക്ഷയരോഗം ബാധിച്ച് മരിച്ചു. 2010 ലെ സിറ്റി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ശിവരാജ് പുരിയാണ് മരിച്ചത്. ഇന്നലെ ഡല്‍ഹിയിലെ ആശുപത്രിയിലാണ് അന്ത്യം.

ഡല്‍ഹി അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഭോണ്ട്‌സി ജയിലിലായിരുന്നു പുരി. അസുഖം കൂടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ ജയിലില്‍ ക്ഷയരോഗം ബാധിച്ച് പതിനെട്ട് ദിവസത്തിനുള്ളില്‍ മരിക്കുന്ന മൂന്നാമത്തെ ആളാണ് പുരി.

ഗുരുഗ്രാമിലെ സിറ്റി ബാങ്ക് ബ്രാഞ്ചില്‍ ശിവരാജ് പുരി റിലേഷന്‍ഷിപ്പ് മാനേജരായിരിക്കുമ്പോഴായിരുന്നു 400 കോടിയുടെ തട്ടിപ്പ് അരങ്ങേറിയത്. ധനികരേയും മറ്റും സമീപിച്ച് വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍രി നിക്ഷേപങ്ങള്‍ സ്വീകരിക്കുക എന്നതായിരുന്നു പുരിയുടെ ജോലി. ആളുകളെ ആകര്‍ഷകമായി സംസാരിച്ച് പാട്ടിലാക്കാന്‍ പുരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അങ്ങനെയാണ് പലരും തട്ടിപ്പിനിരയായത്. തട്ടിപ്പ് പുറത്തായതോടെ 2010 ല്‍ തന്നെ പുരി അറസ്റ്റിലായി. രണ്ടര വര്‍ഷത്തിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പുരിയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. പിന്നീട് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതിനിടെ ഭൂമി തട്ടിപ്പു കേസില്‍ ഇയാള്‍ വീണ്ടും അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുമ്പോഴാണ് മരണം.