നടിയെ ആക്രമിച്ച കേസില്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും നീതി നടപ്പിലായിട്ടില്ല. കോടതി നടപടികള്‍ നീണ്ടുപോകുകയാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ജനതയും. കഴിഞ്ഞ അഞ്ച് വര്‍ഷം തനിക്ക് എങ്ങനെയായിരുന്നുവെന്ന് നടി തുറന്നുപറഞ്ഞത് ലോകം കേട്ടതാണ്. ഇപ്പോഴിതാ അവര്‍ കടന്നുപോയ വഴികളെക്കുറിച്ചും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയുകയാണ് ഉറ്റ സുഹൃത്തുക്കളായ സയനോരയും ശില്പ ബാലയും. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ അതിജീവിതയുടെ അവസ്ഥയെക്കുറിച്ച് പറയുന്നത്.
ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള അവളുടെ പ്രയാണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സയനോരയും ശില്പ ബാലയും പറയുന്നു. അവളുടെ തീരുമാനം പലര്‍ക്കും പ്രചോദനമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. പ്രയാസമേറിയതാണ്. എപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു അവള്. തങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്നയാളും അവളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളെ ഇരയെന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിപ്പോള്‍ അതിജീവിതയിലേക്ക് മാറിയിരിക്കുകയാണ്. എത്രമാത്രം പ്രയാസമേറിയതായിരുന്നു ആ യാത്രയെന്ന് അവള്‍ക്കേ അറിയൂ. ആദ്യമൊക്കെ തങ്ങളും കരഞ്ഞ് പോകുമായിരുന്നുവെന്നും അവര്‍ പറയുന്നു.
ശരിയായി വരാന്‍ സമയമെടുക്കുമെന്ന് തങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സംഭവിച്ചതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നൊരു സാഹചര്യം അത് അവള്‍ക്ക് മാത്രമേ നേരിടാനാവൂ. തങ്ങളിലാര്ക്കെങ്കിലുമാണ് സംഭവിച്ചതെങ്കില്‍ ഒരിക്കലും അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല.
അമ്മയും ഭര്‍ത്താവുമാണ് അവള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍. എന്നാല്‍ ചില സമയത്ത് അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. കരയാതെ ഒരു രാത്രി പോലും അവളെ അവളുടെ ഭര്‍ത്താവ് കണ്ടിട്ടില്ല. അവര്‍ക്ക് ഒന്നിച്ചൊരു യാത്ര പോലും പോകാനായിട്ടില്ല. നീതി കിട്ടുമെന്നാണ് അവളുടെ വിശ്വാസമെന്നും സയനോരയും ശില്പയും പറഞ്ഞു.