ചെര്‍പ്പുളശേരി: കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസില്‍ 22 കാരനും 18 കാരിയുമാണ് പ്രതികളെന്ന റിപ്പോര്‍ട്ട് ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.
പൊലീസ് ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫര്‍ഹാന ചളവറ സ്വദേശിനിയും.22 കാരനായ ഷിബിലിയും 18 കാരിയായ ഫര്‍ഹാനയും സുഹൃത്തുക്കളാണ്. ഇരുവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രഥമിക നിഗമനം. അന്വേക്ഷണം നടന്ന് വരികയാണ്.
ഇതിനിടയില്‍ ഇപ്പോഴിത പ്രതിസ്ഥാനത്തുള്ള ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫര്‍ഹാന മുന്‍പ് പോക്സോ കേസ് നല്‍കിയിരുന്നതായ റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.
2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയല്‍ ചെയ്തത്. അന്നത്തെ കേസിനു ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് വിവരം.
2018ല്‍ നെന്മാറയില് വഴിയരികില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫര്‍ഹാനയും കുടുംബവും നല്കിയ കേസ്. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസ്സായിരുന്നു പ്രായം. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫര്‍ഹാനയുടെ കുടുംബം കേസ് കൊടുക്കുന്നത്.
അന്ന് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു. ഈ കേസിനു ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് വിവരം.
അതേസമയം സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫര്‍ഹാനയുടെ സഹോദരന് ഗഫൂറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
സിദ്ദിഖിനെ മൂവര്‍ സംഘം കൊലപ്പെടുത്തിയെന്നു കരുതുന്ന കോഴിക്കോട്ടെ ഹോട്ടലില്‍നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളില്‍ ഗഫൂറും ഉണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇത്രയും വലിയൊരു കൊലപാതക കേസ് ഫര്‍ഹാനയുടെ പേരില്‍ നടക്കുന്നുണ്ടെന്ന് ആദ്യമേ അറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ മാസം 23 മുതല്‍ ഫര്‍ഹാനയെ കാണാനില്ലെന്നു വ്യക്തമാക്കി ഫര്‍ഹാനയുടെ കുടുംബം തൊട്ടടുത്ത ദിവസം ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പിന്നാലെയുള്ള ദിവസങ്ങളില്‍ വന്‍ പൊലീസ് സംഘം ചളവറയിലെ ഫര്‍ഹാനയുടെ വീട്ടിലെത്തിയിരുന്നു.പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പരാതി നല്കിയിരുന്നതിനാല് അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയതെന്നാണ് കരുതിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഫര്‍ഹാനയ്ക്ക് എതിരെ നേരത്തെയും പല പരാതികളും ഉയര്‍ന്നിട്ടുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബന്ധുവീട്ടില്‍നിന്ന് അടുത്തിടെ സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫര്‍ഹാനയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
കാറല്‍മണ്ണയില്‍ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഹര്‍ഫാന സ്വര്‍ണവുമായി മുങ്ങിയെന്നാണ് പരാതി. സ്വര്‍ണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫര്‍ഹാന പോയതെന്നാണ് വിവരം. അന്ന് ഫര്‍ഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നാണ് സംശയം.