പൊതുബജറ്റില്‍ ഇടംപിടിച്ച വന്ദേഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കെ റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കപ്പെടുമെന്ന് ശശി തരൂര്‍ എംപി. ഇതിലൂടെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാര്‍ ആവശ്യവും സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതം തുടങ്ങി പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കയും പരിഹരിക്കപ്പെടുമെന്നും ശശി തരൂര്‍ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജകാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 75 എണ്ണം 2023 അവസാനത്തോടെ സജ്ജമാകും. 75 എണ്ണത്തില്‍ ആദ്യട്രെയിന്‍ 2022 മാര്‍ച്ച് മാസത്തോടേയും രണ്ടാമത്തെ ട്രെയിന്‍ ജൂണിലും പുറത്തിറങ്ങുമെന്നുമാണ് സൂചന.