വധശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിഖ്യാത എഴുത്തുകാരന് സല്മാന് റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. റുഷ്ദിയുടെ പുസ്തക ഏജന്റായ ആന്‍ഡ്രൂ വൈലിയാണ് വിവരം പുറത്തു വിട്ടത്. റുഷ്ദിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ആന്‍ഡ്രൂ വൈലിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സല്മാന് റുഷ്ദിയുടെ സുഹൃത്തും എഴുത്തുകാരനുമായ ആതിഷ് തസീര്‍ വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ‘ആവേശകരമായ ഒരു വാര്‍ത്ത ഇപ്പോള്‍ ലഭിച്ചു: സല്‍മാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, അദ്ദേഹം സംസാരിച്ച് തുടങ്ങി (തമാശയും പറഞ്ഞു തുടങ്ങി)’.
ഓഗസ്റ്റ് 12ന് ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്. വേദിയിലേക്ക് കയറി വന്ന ഹാദി മാതര്‍ എന്ന യുവാവ് സല്മാന് റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റുഷ്ദിയെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിനും കൈ ഞരമ്പിനുമടക്കമാണ് അദ്ദേഹത്തിന് പരുക്കേറ്റത്.
അതിനിടെ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്ത സാഹിത്യകാരി ജെ.കെ റൗളിംഗിനെതിരെ ഭീഷണി ഉയര്‍ന്നു. റൗളിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണി സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് റൗളിംഗ് ട്വിറ്ററില്‍ പങ്കുവച്ചു. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നാണ് ജെ.കെ റൗളിംഗ് ട്വീറ്റ് ചെയ്തത്. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഈ ട്വീറ്റിന് മറുപടിയായാണ് ‘വിഷമിക്കേണ്ട. നിങ്ങളാണ് അടുത്തത്’ എന്ന ഭീഷണി സന്ദേശം റൗളിംഗിന് ലഭിച്ചത്. സംഭവത്തില്‍ റൗളിംഗ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.