എയര്‍ തിങ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന് മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ഇന്ത്യന്‍ കൗമാര താരം ഗ്രാന്റ് മാസ്റ്റര്‍ ആര് പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. പതിനാറ് വയസുകാരന് ഇത്രയും പരിജയസമ്പന്നനായൊരു താരത്തെ പരാജയപ്പെട്ടുത്തുന്നത് അത്ഭുതമാണെന്ന് സച്ചിന് ട്വീറ്റ് ചെയ്തു.
ഇത് മനോഹരമായൊരു വിജയമാണെന്നും സച്ചിന് പറഞ്ഞു. മാഗ്നസ് കാള്‍സനെപ്പോലെ ഒരു താരത്തെ പരാജയപ്പെടുത്തുക എന്നത് അത്ഭുതമാണെന്ന് പറയാം. പ്രജ്ഞാനന്ദയ്ക്ക് ഭാവിയില്‍ ഇനിയുമൊരുപാട് ഉയരങ്ങള്‍ താണ്ടാനാവട്ടെ എന്ന് ആശംസിക്കുന്നു. രാജ്യത്തിന്റെ യശസ്സാണ് താങ്കള്‍ വാനോളമുയര്ത്തിയതെന്നും സച്ചിന് കുറിച്ചു.
ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് മാഗ്നസ് കാള്സന് അടിതെറ്റിയത്. 39 നീക്കങ്ങള്‍ക്കൊടുവില്‍ പ്രജ്ഞാനന്ദ വിജയം നേടുകയായിരുന്നു. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയമായിരുന്നു അത്. ഇതിനുമുന്‍പ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പ്രജ്ഞാനന്ദ നേടിയത്.