യുക്രൈനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തുകടത്താനായി താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മരിയോപോള്‍, വോള്‍ഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന് ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈന്, റഷ്യന്‍ സര്‍ക്കാരുകളുമായി സമ്പര്‍ക്കം തുടരുകയാണെന്നും ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.