റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഭരണകൂടം. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ആരോപിച്ചാണ് നടപടി.
വാട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള മറ്റ് സമൂഹമാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ പൗരന്മാരുടെ മൗലിക മനുഷ്യാവകാശ, സ്വാതന്ത്ര്യാവകാശങ്ങള്‍ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ലംഘിച്ചെന്ന് റഷ്യന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നടപടിയോട് മെറ്റ പ്രതികരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള സ്വതന്ത്ര വസ്തുതാ പരിശോധന നിര്‍ത്തിവയ്ക്കാന്‍ റഷ്യ തങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി കൂടിയായ മെറ്റ ആഗോളകാര്യ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് വെളിപ്പെടുത്തി. റഷ്യന്‍ നിയന്ത്രണത്തിലുള്ള നാല് വാര്‍ത്താ മാധ്യമങ്ങളിലെ ഉള്ളടകങ്ങള്‍ക്കൊപ്പം അവയ്ക്ക് ഭരണകൂടവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യമുണ്ടായിരുന്നതായി നിക്ക് അറിയിച്ചു.