ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ അടിച്ച സിക്സറില്‍ പന്തുകൊണ്ട് പരുക്കേറ്റ കുട്ടിയെ കാണാന്‍ താരം നേരിട്ടെത്തി. ഓവലില്‍ കുടുംബത്തോടൊപ്പം മത്സരം കാണാനെത്തിയ മീര എന്ന കുട്ടിക്കാണ് പരുക്കേല്‍ക്കുന്നത്. പന്ത് കുട്ടിയുടെ ദേഹത്ത് കൊണ്ടതിന് പിന്നാലെ മത്സരം അല്‍പ്പനേരം തടസപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് കുട്ടിക്ക് ടീം ജഴ്സി നല്‍കുകയും ചെയ്തു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് സ്കോര്‍ പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലാണു സംഭവം. ഇംഗ്ലിഷ് പേസര്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത് രോഹിത് ശര്‍മ പുള്‍ഷോട്ടായി ഗാലറിയിലേക്കു അടിച്ചകറ്റി. ഫീല്‍ഡ് അംപയര്‍ സിക്സ് എന്നു കാണിച്ചതിനു പിന്നാലെ ക്യാമറയില്‍ പതിഞ്ഞതു പരുക്കേറ്റ പെണ്‍കുട്ടിയെയാണ്. പന്തുകൊണ്ട പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പിന്നാലെ ഇംഗ്ലണ്ടിന്റെ ടിം ഫിസിയോ കുട്ടിയുടെ അടുത്തേക്ക് ഓടി ശുശ്രൂഷ നല്കി.
അതേസമയം ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പര നേട്ടം ലക്ഷ്യംവച്ച് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ലോഡ്സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് മത്സരം. പരുക്കേറ്റ വിരാട് കോലി ഇന്നും കളിച്ചേക്കില്ല. 2014ന് ശേഷം ഇംഗ്ലണ്ടില്‍ ഒരു ഏകദിന പരമ്പര എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യന്‍ നിര ഇറങ്ങുക.