താരദമ്പതികളായ റിതേഷിന്റേയും ജെനീലിയയുടേയും ഗ്യാരേജിലേക്ക് പുതിയൊരു വാഹനം കൂടി. ടെസ്ലയ്ക്ക് ശേഷം ബിഎംഡബ്ല്യു ഐഎക്സ് ആണ് താരദമ്പതികള്‍ സ്വന്തമാക്കിയത്. ബിഎംഡബ്ല്യു അടുത്തിടെയാണ് ഐഎക്സ് ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുവരും വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ആര്‍ടി ഓഫിസില്‍ ഓഗസ്റ്റ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 1.16 കോടി രൂപയാണ് എക്സ്ഷോറൂം വില. ബിഎംഡബ്ല്യു ആദ്യമായി ഇന്ത്യയില്‍ ഇറക്കുന്ന ഫുള്‍ ഇലക്ട്രിക് മോഡലാണ് ഐഎക്സ്. പൂര്‍ണമായും വിദേശത്താണ് വാഹനത്തിന്റെ നിര്‍മിതി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ബിഎംഡബ്ല്യു വാഹനം അവതരിപ്പിച്ചത്.
326 പിഎസ് പവറും 630 എന്‍ എം ടോര്‍ക്കുമുള്ള ഇരട്ട ഇലക്ട്രിക് മോട്ടോറാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 76.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ഒറ്റത്തവണ ചാര്‍ജില്‍ 425 കിലോമീറ്റര്‍ ദൂരം പോകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.