ശതകോടീശ്വരനും ആകാശ എയര്‍ വിമാനക്കമ്പനി ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മുംബൈയിലാണ് അന്ത്യം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്വെസസ്റ്ററുമാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
കടംവാങ്ങിയ അയ്യായിരം രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല. മുംബൈയില്‍ 1960ലാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ജനനം. പിതാവ് ബോംബെയിലെ ഇന്‍കം ടാക്സ് ഓഫിസില്‍ കമ്മിഷണറായിരുന്നു. സൈധനം കോളജ് ഓഫ് കോമേഴ്സ് ആന്‍ഡ് എക്കണോമിക്സ് മുംബൈയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. ഫോര്ഫ്സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ 48-ാമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി 41,000 കോടിക്ക് മേലെവരും.
നിക്ഷേപകന് എന്നതിന് പുറമെ ആപ്ടെക് ലിമിറ്റഡ്, ഹുംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ചെയര്മാന് പദവിയും ജുന്‍ജുന്‍വാല വഹിച്ചിരുന്നു. നിരവധി മുന്‍നിര കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായിരുന്നു അദ്ദേഹം. ഈ മാസമാണ് ആകാശ എയറിന്റെ ലോഞ്ചിംഗ് നടന്നത്. രോഗബാധിതനായതിനാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.
രാകേഷ് ജുന്‍ജുന്‍വാലയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു. സാമ്പത്തികരംഗത്ത് മായാത്ത സംഭാവനകള്‍ നല്‍കിയാണ് ജുന്‍ജുന്‍വാല മടങ്ങിയതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.