ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആരാണ് എന്ന ചോദ്യത്തിന് രജനീകാന്ത് എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. കഴിഞ്ഞ 50 വർഷത്തോളമായി തമിഴ് സിനിമയുടെ അടയാളമാണ് ഇദ്ദേഹം. എന്നാൽ കുറച്ചുകാലമായി സിനിമയിൽ അത്ര സജീവമല്ല താരം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട് എന്നത് മറ്റൊരു വസ്തുത. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരുന്നു എങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി രാഷ്ട്രീയ പാർട്ടി പോലും താരം തിരിച്ചുവിടുകയായിരുന്നു. 1990കൾ മുതൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു രജനിയുടെ രാഷ്ട്രീയപ്രവേശനം. പതിറ്റാണ്ടുകൾ നീണ്ട അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഏറെ ഞെട്ടലോടെ ആയിരുന്നു രജനി ആരാധകർ രാഷ്ട്രീയത്തിൽ നിന്നുമുള്ള അദ്ദേഹത്തിൻറെ വിടവാങ്ങൽ തീരുമാനം ഉൾക്കൊണ്ടത്. ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉള്ള രജനി ഈ അവസ്ഥയിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അത് അദ്ദേഹത്തിൻറെ ശരീരത്തിന് വലിയ രീതിയിൽ ദോഷകരം ആയിരിക്കുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു രാഷ്ട്രീയം വേണ്ട എന്ന് വയ്ക്കുവാൻ രജനി തീരുമാനിച്ചത്.
ഇപ്പോൾ രാഷ്ട്രീയത്തിന് പുറമേ സിനിമയിൽ നിന്നും പതിയെ പടി ഇറങ്ങാൻ തുടങ്ങുകയാണ് രജനീകാന്ത് എന്നാണ് അദ്ദേഹം തന്നെ നൽകുന്ന സൂചനകൾ. നിലവിൽ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാതൈ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചു വരുന്നത്. കീർത്തി സുരേഷ് അടക്കമുള്ള താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏറെ നാളായി തടസ്സപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ കാലയളവിനുശേഷം ചിത്രീകരണം പുനരാരംഭിച്ചു എങ്കിലും രജനീകാന്ത് അടക്കമുള്ള താരങ്ങൾക്ക് കൊവിഡ് പോസിറ്റീവ് ആയതു കാരണം ഷൂട്ടിംഗ് ഇടക്കുവെച്ച് നടത്തുകയായിരുന്നു. ഇപ്പോൾ ഈ അവസരത്തിലാണ് തൻറെ ഭാവി പരിപാടികളെക്കുറിച്ച് രജനീകാന്ത് മനസ്സ് തുറക്കുന്നത്.
“കൊവിഡ് സാഹചര്യം ഒന്ന് ഒതുങ്ങിയാൽ ഒന്നോ രണ്ടോ ചിത്രങ്ങൾ കൂടി ചെയ്യണമെന്നുണ്ട്. എന്നാൽ മനസ്സ് പറയുന്നത് ശരീരം കേൾക്കുമോ എന്ന അവസ്ഥയിൽ ആയിരിക്കുമോ എന്ന് തീർച്ചയില്ല. നിലവിൽ അണ്ണാത്തെ എന്ന ചിത്രം തീർക്കുവാനാണ് പരിശ്രമിക്കുന്നത്. അതുകഴിഞ്ഞുള്ളത് എല്ലാം ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നു” – ഇതായിരുന്നു രജനി സ്റ്റൈലിൽ അദ്ദേഹം പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2015 വർഷത്തിൽ ആയിരുന്നു കബാലി എന്ന ചിത്രം പുറത്തിറങ്ങിയത്. ഒരുപക്ഷെ രജനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് കൂടിയ ചിത്രമായിരുന്നു ഇത്. എന്നാൽ ചിത്രത്തിന് ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. ഇതിനുശേഷം രജനിയുടെ തമിഴ്നാട് മാർക്കറ്റിൽ വലിയ ഇടിവ് സംഭവിച്ചു. പിന്നീട് വന്ന രജനി ചിത്രങ്ങളൊന്നും വേണ്ടരീതിയിൽ സ്വീകരിക്കപ്പെട്ടില്ല. എന്തിരൻ 2 അടക്കമുള്ള ചിത്രങ്ങൾ പോലും വിജയ്യുടെ സർക്കാർ സിനിമയുടെ ആദ്യ ദിന കളക്ഷൻ പോലും തകർത്തില്ല. രജനിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് പേട്ട എന്ന ചിത്രം വിലയിരുത്തപ്പെടുന്നത്. എങ്കിലും പേട്ടയുടെ ഫൈനൽ കളക്ഷൻ അജിത്തിൻ്റെ വിശ്വാസം പോലെ ഒരു ശരാശരി സിനിമയെക്കാളും കുറവായിരുന്നു. നിരവധി സംവിധായകർ ആണ് രജനിയുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ എന്ത് തീരുമാനം ആയിരിക്കും സൂപ്പർസ്റ്റാർ ഇനി കൈക്കൊള്ളാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് തമിഴ്നാട് പ്രേക്ഷകർ.