സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്ഡ് സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേര്‍വാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹര്‍ത്താലിനെ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എന്‍ഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചില്‍ നടത്തുന്നത്. പുലര്‍ച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. അടൂര്‍, ഈരാറ്റുപേട്ട വയനാട്, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദ്രുതകര്‍മ്മസേനയെ വിന്യസിച്ചായിരുന്നു പരിശോധന. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കം പിടിച്ചെടുത്തു.