മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ അപകടകരമാം വിധം പുഴയില്‍ ചാടി പിടിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മലപ്പുറം പൊലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
നിലമ്പൂരിലെ മമ്പാട് ചാലിയാറില്‍ ഇത്തരത്തില്‍ യുവാക്കള്‍ ചാടുന്ന വിഡിയോ വൈറലായിരുന്നു. വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍ നരന് സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രമായ മുള്ളന്‍ കൊല്ലി വേലായുധന്റെ സാഹസികതകള്‍ അനുകരിക്കുകയാണ് ചില ചെറുപ്പക്കാര്‍. പാലത്തില്‍ നിന്നും കയര്‍ കെട്ടി പുഴയിലേക്ക് ഇറങ്ങി ഒലിച്ചു വരുന്ന മരങ്ങള്‍ പിടിച്ചു കെട്ടാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ജീവന് പണയംവച്ചുള്ള യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ടത്തോടെ കര്‍ശന മുന്നറിയിപ്പുമായി വനം റവന്യൂ പൊലീസ് വകുപ്പുകള്‍ രംഗത്തെത്തി. മരത്തടികളും മറ്റും പിടിക്കുന്നതിനായി പുഴയില്‍ ഇറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം റവന്യൂ അധികൃതര്‍ അറിയിച്ചു. പുഴയില്‍ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികളുമായി പുഴയോ മറ്റു ജലാശയങ്ങളോ കാണാന്‍ പോകരുതെന്നും മീന്‍ പിടിക്കുന്നതിന് വേണ്ടി പുഴയില്‍ ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.