സിനിമാ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. അഭിമുഖത്തിന് വരുമ്പോള്‍ ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ചോദ്യംചെയ്യലിനിടെ ശ്രീനാഥ് ഭാസിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇത് വിദഗ്ധ പരിശോധനക്ക് അയക്കും.
ഇന്റര്‍വ്യൂ സംഘടിപ്പിച്ച ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പരാതിയില്‍ അവതാരകയുടെ മൊഴി രേഖപ്പെടുത്തിയ മരട് പോലീസ് ഇന്നലെ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ചോദ്യം ചെയ്യലില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ ആരോപണങ്ങളെ നടന് തള്ളിക്കളഞ്ഞു. അസഭ്യമായി താന്‍ അവതാരകയോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പൊലീസിന് നല്കിയ മറുപടി. അതേസമയം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, നടനും സിനിമയുടെ നിര്‍മാതാവിനും, സിനിമയുടെ പിആര്‍ഒക്കും കത്ത് അയക്കാന്‍ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.