ഓസ്ട്രേലിയക്കെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. പറഞ്ഞ് വരുന്നത് കളിയുടെ കാര്യമല്ല, കളിക്കിടെ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ്. ഓണ്‍ ഫീല്‍ഡ് അമ്പയറായ കുമാര്‍ ധര്‍മസേനയായിരുന്നു ഈ കഥയിലെ നായകന്. തന്റെ മുന്നിലേക്ക് വന്നൊരു പന്തിനെ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്ന ധര്‍മസേനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലെഗ് അമ്പയറായി സ്ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്നു ധര്‍മസേന. ഓസ്ട്രേലിയയുടെ അലക്സ്കാരിയായിരുന്നു ബാറ്റര്‍.
ഷോട്ട് ലെങ്ത് ബോള്‍ സ്ക്വയര്‍ ലെഗിലേക്കാണ് കാരി ഉയര്‍ത്തിയത്. പന്ത് നേരെ പോയത് ആ പൊസിഷനില്‍ നില്‍ക്കുകയായിരുന്ന ധര്‍മസേനയുടെ അടുത്തേക്ക്. ഇപ്പോള്‍ ക്യാച്ച് എടുക്കും എന്ന നിലയിലായി ധര്‍മസേന. എന്നാല്‍ പന്ത് കൈകളിലേക്ക് എത്തിയില്ല. അതിന് മുമ്പെ നിലത്തു വീണിരുന്നു. സംഭവത്തിനു പിന്നാലെ ധര്‍മസേനയുടെ ചിത്രം സഹിതം ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘ ക്യാച്ച്, അംപയര്‍ കുമാര്‍ ധര്‍മസേനയും ഫീല്‍ഡ് ചെയ്യുകയാണെന്ന് തോന്നിച്ചു. ഭാഗ്യത്തിന് അദ്ദേഹം അതു ചെയ്തില്ല’.
ശ്രീലങ്കയ്ക്കാരനാണ് കുമാര്‍ ധര്‍മസേന. ടെസ്റ്റില്‍ 89 മത്സരങ്ങളിലും ഏകദിനത്തില്‍ 177 മത്സരങ്ങളിലും ടി20യില്‍ 52 മത്സരങ്ങളിലും ധര്‍മസേന അമ്പയറായി നിന്നിട്ടുണ്ട്.